Header Banner
മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ ഇനി സാങ്കേതികവിദ്യയുടെ പുതിയ പരീക്ഷണം.

മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ ഇനി സാങ്കേതികവിദ്യയുടെ പുതിയ പരീക്ഷണം.

 


കുന്നും താഴ്വരയും താണ്ടി തേയിലക്കൊളുന്ത് ഫാക്ടറിയിലെത്തിക്കാൻ ക്വാഡ്കോപ്റ്റർ ഡ്രോൺ. ദക്ഷിണേന്ത്യയിൽ ആദ്യമായി ഹാരിസൺസ് മലയാളം ലിമിറ്റഡ് ആരംഭിച്ച ഈ പരീക്ഷണം വിജയിച്ചാൽ, തേയില വ്യവസായത്തിന്റെ പ്രവർത്തനരീതിയിൽ വലിയ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.




മൂന്നാറിനടുത്തുള്ള ദേവികുളത്തെ ലോക്‌ഹാർട്ട് എസ്റ്റേറ്റിലാണ് ക്വാഡ്കോപ്റ്റർ ഡ്രോൺ ഉപയോഗിച്ചുള്ള പരീക്ഷണത്തിന് തുടക്കമായത്. ഹാരിസൺസ് മലയാളം ലിമിറ്റഡും ട്രോപോവർക്സ് കമ്പനിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. തോട്ടത്തിൽ നിന്ന് ശേഖരിക്കുന്ന പച്ച തേയിലക്കൊളുന്ത് വെയ്മെന്റ് സെന്ററുകളിലേക്കും തുടർന്ന് ഫാക്ടറിയിലേക്കും അതിവേഗത്തിൽ എത്തിക്കുകയാണ് ലക്ഷ്യം. ദുഷ്കരമായ ഭൂപ്രകൃതിയുള്ള തേയിലത്തോട്ടങ്ങളിൽ തൊഴിലാളികളുടെ ജോലിഭാരം കുറയ്ക്കുക, ഗതാഗതത്തിന് വേണ്ട സമയം ലാഭിക്കുക, അതോടൊപ്പം കമ്പനിയുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.




നിലവിലെ പരീക്ഷണം വിജയകരമായാൽ കൂടുതൽ ഭാരം വഹിക്കാൻ ശേഷിയുള്ള ക്വാഡ്കോപ്റ്റർ ഡ്രോണുകൾ കൂടി എത്തിക്കാനാണ് കമ്പനിയുടെ തീരുമാനം. തുടർന്ന് ഹാരിസൺസ് മലയാളം ലിമിറ്റഡിന്റെ എല്ലാ എസ്റ്റേറ്റുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. ദക്ഷിണേന്ത്യയിലെ തേയിലത്തോട്ടങ്ങളിൽ ഇത്തരമൊരു ക്വാഡ്കോപ്റ്റർ ഡ്രോൺ പരീക്ഷണത്തിന് തുടക്കമിടുന്ന ആദ്യ സംരംഭമാണിതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഡ്രോൺ സംവിധാനം നിലവിൽ വരുന്നതോടെ ചുമട്ടുഭാരം കുറയുമെന്നും ജോലി കൂടുതൽ എളുപ്പമാകുമെന്നും പ്രതീക്ഷയിലാണ് തൊഴിലാളികൾ.




പരീക്ഷണത്തിന്റെ ഫലങ്ങൾ വിശദമായി വിലയിരുത്തിയ ശേഷമായിരിക്കും പദ്ധതി കൂടുതൽ എസ്റ്റേറ്റുകളിലേക്ക് വ്യാപിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. സാങ്കേതികവിദ്യയും തേയില വ്യവസായവും കൈകോർക്കുന്ന ഈ പരീക്ഷണം മേഖലയ്ക്ക് പുതിയ വഴിത്തിരിവാകുമോയെന്ന ആകാംക്ഷയിലാണ് ഇനി എല്ലാവരുടെയും ശ്രദ്ധ.