Header Banner
അടിമാലിയിൽ വീണ്ടും റിസർവ് വനം കയ്യേറ്റം: ഏലകൃഷി നടത്തുന്നത് 100 ഏക്കറോളം വനഭൂമിയിൽ.

അടിമാലിയിൽ വീണ്ടും റിസർവ് വനം കയ്യേറ്റം: ഏലകൃഷി നടത്തുന്നത് 100 ഏക്കറോളം വനഭൂമിയിൽ.

 


അടിമാലി
:
മച്ചിപ്ലാവ് ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസിനു കീഴിലുള്ള റിസർവ് വനം സ്വകാര്യ വ്യക്തി അതിക്രമിച്ചു കയറി ഏലകൃഷിക്കായി കയ്യേറുന്നതായി പരാതി. ചെറിയ മരങ്ങൾ വ്യാപകമായി വെട്ടിമാറ്റി ഏകദേശം നൂറേക്കറോളം വരുന്ന വനഭൂമിയിലാണ് നിലവിൽ കൃഷിയിറക്കാൻ ശ്രമം നടക്കുന്നത്. ഇത് അടിമാലിയിലെ ഊരുവാസികൾ ഉൾപ്പെടെയുള്ള പ്രദേശവാസികളുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.



​ചില വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഈ റിസർവ് വനം കയ്യേറ്റം നടക്കുന്നതെന്ന ഗുരുതരമായ ആരോപണവും പ്രദേശവാസികൾ ഉയർത്തുന്നുണ്ട്. മുൻപും ഈ മേഖലയിൽ സമാനമായ രീതിയിൽ റിസർവ് വനം കയ്യേറി കൃഷി നടത്തിയിരുന്നെങ്കിലും അന്ന് റവന്യൂ വകുപ്പ് ഇടപെട്ട് കയ്യേറ്റക്കാരെ ഒഴിപ്പിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും വൻതോതിൽ കയ്യേറ്റശ്രമം നടക്കുന്നത്.



​കൃഷിക്കായി വനത്തിനുള്ളിൽ നിന്ന് വ്യാപകമായി ഈറ്റ വെട്ടിമാറ്റുന്നത് കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യജീവികൾ ജനവാസ മേഖലയിലേക്ക് ഇറങ്ങാൻ കാരണമാകുന്നുണ്ടെന്ന് മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ കോർഡിനേഷൻ അംഗം കെ. ബുൾബേന്ദ്രൻ വ്യക്തമാക്കി.



വനം കയ്യേറുന്നതോടെ വന്യമൃഗങ്ങൾ നാട്ടിൻപുറങ്ങളിലേക്ക് കടന്നുവരാൻ സാധ്യതയേറുകയും ഇത് ജനങ്ങളുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുകയും ചെയ്യും. അതിനാൽ വനമേഖലയിലെ കയ്യേറ്റം എത്രയും വേഗം തടയണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ അടിയന്തര ആവശ്യം



.