കുമളി : വിഷ്ണുമായ പൂജയുടെയും ബാധയൊഴിപ്പിക്കലിന്റെയും മറവിൽ യുവതിക്ക് മാരക മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ വ്യാജ സിദ്ധനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുമളി രണ്ടാം മൈൽ അമരാവതി മുണ്ടക്കാതിൽ വീട്ടിൽ ടോമിയുടെ മകൻ പ്രിൻസ് അബ്രാഹാം (33) ആണ് പിടിയിലായത്.
പറവൂരിലെ പൂജ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന വീട്ടിൽ നിന്ന് ആലുവ ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.കുടുംബ പ്രശ്നങ്ങൾക്ക് പരിഹാരം തേടിയാണ് യുവതി പ്രതിയുടെ ചാവക്കാടുള്ള പൂജ കേന്ദ്രത്തിൽ എത്തിയത്. ഇവിടെ വെച്ച് പൂജയുടെ ഭാഗമാണെന്ന് വിശ്വസിപ്പിച്ച് യുവതി അറിയാതെ മദ്യത്തിൽ മാരക മയക്കുമരുന്നായ എം ഡി എം എ (MDMA) കലർത്തി നൽകി അബോധാവസ്ഥയിലാക്കി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.
തുടർന്ന് യുവതിയുടെ നഗ്നദൃശ്യങ്ങൾ പ്രതി മൊബൈലിൽ പകർത്തി.ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പിന്നീട് പറവൂർ ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിൽ എത്തിച്ചും പീഡനം തുടർന്നു. അതിനുശേഷവും ഭീഷണിക്ക് വഴങ്ങാതിരുന്ന യുവതിയുടെ ചിത്രങ്ങൾ പ്രതി വിദേശ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി വിദേശത്ത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു
.മാനസികമായി തകർന്ന യുവതി ആലുവ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ ദ്രുതഗതിയിലുള്ള അന്വേഷണത്തിലാണ് പ്രതി വലയിലായത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്നും കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു
.




