അടിമാലി: 2025 ഒക്ടോബർ 25-നുണ്ടായ ഭീകരമായ മണ്ണിടിച്ചിലിനെ തുടർന്ന് മാറ്റിപ്പാർപ്പിക്കപ്പെട്ട അടിമാലി ലക്ഷംനഗറിലെ 27 കുടുംബങ്ങൾ ദേശീയപാതയോരത്ത് ഷെഡ് കെട്ടി അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി. സ്ത്രീകളും കുട്ടികളും അടക്കമുള്ള ദുരിതബാധിതരാണ് ഇന്നലെ രാവിലെ മുതൽ സമരരംഗത്തിറങ്ങിയിരിക്കുന്നത്.കളക്ടറുടെ ഉത്തരവ് പ്രകാരം വാടകവീടുകളിലേക്ക് മാറിയ ഈ കുടുംബങ്ങൾക്ക് മാസങ്ങളായി വാടക ലഭിക്കുന്നില്ലെന്നാണ് പ്രധാന പരാതി. സുരക്ഷിതമായ വീടും സ്ഥലവും കൃത്യമായ വാടകയും നൽകുമെന്ന സർക്കാർ വ്യവസ്ഥ ലംഘിക്കപ്പെട്ടതോടെയാണ് വീണ്ടും ശക്തമായ സമരത്തിലേക്ക് നീങ്ങാൻ നിർബന്ധിതരായതെന്ന് സമരക്കാർ പറയുന്നു.ലക്ഷംനഗറിലുണ്ടായ മണ്ണിടിച്ചിലിൽ മുൻപ് ഒരാൾ മരണപ്പെടുകയും അദ്ദേഹത്തിന്റെ ഭാര്യയുടെ കാൽ മുറിച്ചുനീക്കേണ്ടി വരികയും ചെയ്തിരുന്നു. പ്രദേശം പൂർണ്ണമായും വാസയോഗ്യമല്ലാതായതോടെയാണ് കളക്ടറുടെ അടിയന്തര ഉത്തരവിലൂടെ ഈ കുടുംബങ്ങളെ വാടകവീടുകളിലേക്ക് മാറ്റിയത്. ദേശീയപാത അതോറിറ്റിയുടെ അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങളാണ് പ്രദേശത്തെ തകർച്ചയ്ക്ക് കാരണമായതെന്ന് ആക്ഷേപമുണ്ട്.സർക്കാരിന്റെ ഉറപ്പിന്മേലാണ് തങ്ങൾ സ്വന്തം മണ്ണിൽ നിന്നും ഒഴിഞ്ഞുപോയതെന്ന് ദുരിതബാധിതർ പറയുന്നു. എന്നാൽ ഇപ്പോൾ വാടക നൽകാനോ, സ്ഥിരമായൊരു തലചായ്ക്കാൻ ഇടം നൽകാനോ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് ഇവരുടെ ആരോപണം. മുൻപ് വാടക മുടങ്ങിയപ്പോഴും സമരം ചെയ്താണ് കുടിശ്ശിക വാങ്ങിച്ചെടുത്തത്. അന്ന് സർക്കാർ നൽകിയ ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചെങ്കിലും വീണ്ടും വാടക കുടിശ്ശികയാവുകയായിരുന്നു.വർഷകാലം ആരംഭിച്ചിട്ടും പുനരധിവാസ കാര്യത്തിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തരവും ശാശ്വതവുമായ നടപടികൾ ഉണ്ടാകും വരെ സമരം തുടരാനാണ് ദുരിതബാധിതരുടെ തീരുമാനം.