Header Banner
മുല്ലപ്പെരിയാർ യാത്രയ്ക്ക് തമിഴ്‌നാടിന്റെ പുതിയ ഫൈബർ ബോട്ട് തേക്കടിയിലെത്തിച്ചു.

മുല്ലപ്പെരിയാർ യാത്രയ്ക്ക് തമിഴ്‌നാടിന്റെ പുതിയ ഫൈബർ ബോട്ട് തേക്കടിയിലെത്തിച്ചു.


 
റിപ്പോർട്ട്: സനൂപ് സ്കറിയ

കുമിളി: മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് പോകുന്നതിനായി തമിഴ്‌നാട് ജലവിഭവ വകുപ്പ് പുതിയ ഫൈബർ ബോട്ട് തേക്കടി തടാകത്തിൽ എത്തിച്ചു. കൊച്ചിയിൽ നിന്നും ശനിയാഴ്ച രാത്രി ലോറിയിലാണ് ബോട്ട് തേക്കടിയിൽ എത്തിച്ചത്. ഞായറാഴ്ച രാവിലെ രണ്ട് ക്രെയിനുകളുടെ സഹായത്തോടെ ബോട്ട് തടാകത്തിലേക്ക് ഇറക്കി.



തടാകത്തിൽ നിലവിലുള്ള പഴയ രണ്ട് ബോട്ടുകളും പൂർണ്ണമായി നീക്കം ചെയ്തതിന് ശേഷം മാത്രമേ പുതിയ ബോട്ടിന് സർവീസ് നടത്താൻ അനുമതി നൽകുകയുള്ളൂ എന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. മുമ്പ് 'ജലറാണി' എന്ന പഴയ ബോട്ടിന് പകരമായി 'അണ്ണാ' എന്ന പേരിൽ തമിഴ്‌നാട് തടാകത്തിൽ ഫൈബർ ബോട്ട് ഇറക്കിയിരുന്നു.



എന്നാൽ പഴയ ബോട്ടുകൾ മാറ്റാതെ പുതിയത് ഓടിക്കാൻ അനുവദിക്കില്ലെന്ന വനപാലകരുടെ നിലപാടും, തർക്കങ്ങളും കാരണം വർഷങ്ങളായി ഈ ബോട്ട് ഓടിക്കാൻ കഴിഞ്ഞിരുന്നില്ല.മുല്ലപ്പെരിയാറിലേക്ക് പോകാൻ നിലവിൽ തമിഴ്‌നാടിന് രണ്ട് ബോട്ടുകളാണുള്ളത്. ഇതിൽ 1982-ൽ തടാകത്തിലിറക്കിയ, 21 പേർക്ക് യാത്ര ചെയ്യാവുന്ന 'കണ്ണകി' ബോട്ടിന് പകരമാണ് 27 കുതിരശക്തിയുള്ള പുതിയ ഫൈബർ ബോട്ട് ഇപ്പോൾ എത്തിച്ചിരിക്കുന്നത്.



നിലവിലുള്ള പഴയ ബോട്ടിന് 47 കുതിരശക്തിയുണ്ട്.പുതിയ ബോട്ട് തടാകത്തിൽ ഇറക്കിയതോടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനാണ് തമിഴ്‌നാട് അറുതി വരുത്തിയത്. നിലവിൽ ബോട്ടിന്റെ പരീക്ഷണ ഓട്ടവും തുറമുഖ വകുപ്പ് അധികൃതരുടെ പരിശോധനയും പൂർത്തിയായാലുടൻ ഉദ്യോഗസ്ഥരുമായി മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് സർവീസ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.