

വനംവകുപ്പ് നടത്തുന്ന ടൂറിസം പ്രോഗ്രാമുകൾക്ക് സെസ്സ് ഏർപ്പെടുത്താൻ കുമളി ഗ്രാമപഞ്ചായത്ത്
ആനവച്ചാൽ പാർക്കിംഗിലും തർക്കം രൂക്ഷം
കുമളി: കുമളി ജനതയ്ക്ക് നൽകിയ വാഗ്ദാനങ്ങൾ ലംഘിക്കുന്ന വനംവകുപ്പിന്റെ നിലപാടിൽ പ്രതിഷേധിച്ച്, വകുപ്പിന് കീഴിൽ കുമളിയിൽ നടത്തുന്ന ടൂറിസം പദ്ധതികളിൽ സെസ്സ് ഏർപ്പെടുത്താൻ കുമളി ഗ്രാമപഞ്ചായത്ത് . ആവശ്യമായി വന്നാൽ പദ്ധതികൾക്ക് സെസ്സ് ഏർപ്പെടുത്താൻ പഞ്ചായത്ത് ഒട്ടും മടിക്കില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗ്ഗീസ് മുന്നറിയിപ്പ് നൽകി. വനംവകുപ്പ് ഒരു സമാന്തര സർക്കാർ പോലെയാണ് പ്രദേശത്ത് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തേക്കടിയിലെത്തുന്ന വിനോദസഞ്ചാരികളിൽ നിന്ന് വനംവകുപ്പും പെരിയാർ കടുവ സങ്കേതം അധികൃതരും വലിയ തോതിൽ വരുമാനം നേടുമ്പോഴും, കുമളിയുടെ വികസനത്തിനോ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനോ വകുപ്പ് സഹകരിക്കുന്നില്ലെന്നാണ് പഞ്ചായത്തിന്റെ പ്രധാന ആക്ഷേപം. ടൂറിസം വഴി ടൗണിലുണ്ടാകുന്ന ടൺ കണക്കിന് മാലിന്യങ്ങൾ സംസ്കരിക്കേണ്ട ബാധ്യത മുഴുവൻ പഞ്ചായത്തിന്റെ ചുമലിലാണ്. ഇതിനായി വനംവകുപ്പ് യാതൊരു സാമ്പത്തിക സഹായവും നൽകുന്നില്ല.
ആനവച്ചാൽ പാർക്കിംഗ് മൈതാനവും തർക്കത്തിൽ

സംസ്ഥാന ടൂറിസം വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ആനവച്ചാലിലെ മെഗാ കാർ പാർക്കിംഗ് ഗ്രൗണ്ടിൽ മറ്റ് വാഹനങ്ങൾ പാർക്ക് ചെയ്യാൻ വനംവകുപ്പ് അനുവദിക്കുന്നില്ലെന്ന് പഞ്ചായത്ത് ചൂണ്ടിക്കാണിക്കുന്നു. നാഷണൽ ഗ്രീൻ ട്രൈബ്യൂണലിന്റെ ഉത്തരവുകളെത്തുടർന്ന് സ്വകാര്യ വാഹനങ്ങൾ ആനവച്ചാലിൽ പാർക്ക് ചെയ്ത്, വനംവകുപ്പിന്റെ ബസുകളിലാണ് സഞ്ചാരികളെ ബോട്ട് ലാൻഡിംഗിലേക്ക് കൊണ്ടുപോകുന്നത്. എന്നാൽ, ശബരീമല തീർത്ഥാടന കാലത്ത് ഭക്തരുടെ വാഹനങ്ങൾ ആനവച്ചാലിൽ പ്രവേശിപ്പിക്കാൻ വനംവകുപ്പ് അനുമതി നിഷേധിക്കുന്നത് കുമളി ടൗണിൽ കടുത്ത ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ആനവച്ചാലിൽ ഭക്തർക്കായി താൽക്കാലിക ശൗചാലയങ്ങളും ലൈറ്റുകളും സ്വന്തം ചിലവിൽ ഒരുക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടും വനംവകുപ്പ് അതിന് അനുവാദം നൽകിയില്ലെന്നും പഞ്ചായത്തിന് ആക്ഷേപമുണ്ട്.
അധികാരത്തിന്മേലുള്ള കടന്നുകയറ്റം

പഞ്ചായത്ത് പരിധിയിലെ ടൂറിസം അനുബന്ധ വ്യാപാര സ്ഥാപനങ്ങളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് വനംവകുപ്പ് അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ കത്ത് നൽകിയതോടെയാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള തർക്കം പുതിയ തലത്തിലെത്തിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് ചൂണ്ടിക്കാട്ടി വിവരങ്ങൾ കൈമാറാൻ പഞ്ചായത്ത് വിസമ്മതിച്ചിരുന്നു. സർക്കാർ വഴിയല്ലാതെ നേരിട്ട് വിവരങ്ങൾ ആവശ്യപ്പെടാൻ വനംവകുപ്പിന് അവകാശമില്ലെന്നാണ് പഞ്ചായത്തിന്റെ നിലപാട്.
ഗ്രീൻ ചെക്ക് പോസ്റ്റുകളുമായി പഞ്ചായത്ത് മുന്നോട്ട്
വനംവകുപ്പിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. വനംവകുപ്പിൽ നിന്നുള്ള സാമ്പത്തിക സഹായമില്ലാതെ മാലിന്യസംസ്കരണ തുക കണ്ടെത്താൻ വണ്ടൻമേട് ജംഗ്ഷനിലും തേക്കടി റൂട്ടിലും സ്വന്തമായി ഗ്രീൻ ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ച് വിനോദസഞ്ചാര വാഹനങ്ങളിൽ നിന്ന് സർചാർജ് ഈടാക്കാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം.