Header Banner
കുമളിയേ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കാൻ ഘട്ടംഘട്ടമായ നിരോധനത്തിന് ഒരുങ്ങി പഞ്ചായത്ത്.

കുമളിയേ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കാൻ ഘട്ടംഘട്ടമായ നിരോധനത്തിന് ഒരുങ്ങി പഞ്ചായത്ത്.

 


കുമളി: തേക്കടിയുടെ പ്രവേശന കവാടമായ കുമളി പഞ്ചായത്തിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കാൻ ലക്ഷ്യമിട്ട് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പഞ്ചായത്ത് അധികൃതർ ആലോചിക്കുന്നു. പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയിലും പരിസരങ്ങളിലും പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവ് വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ അടിയന്തര നടപടി.അഞ്ച് ലിറ്ററിൽ കുറഞ്ഞ അളവിലുള്ള പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾക്കാണ് പ്രാഥമികമായി നിയന്ത്രണം ഏർപ്പെടുത്തുന്നത്.




 ബേക്കറികളിൽ പലഹാരങ്ങൾ പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾ, വിവിധ കമ്പനികളുടെ പാനീയങ്ങൾ നിറച്ച പ്ലാസ്റ്റിക് കുപ്പികൾ എന്നിവയെല്ലാം വിപണിയിൽ നിന്നും ഘട്ടംഘട്ടമായി ഒഴിവാക്കും.പ്ലാസ്റ്റിക് കവറുകളിൽ സാധനങ്ങൾ വിതരണം ചെയ്യുന്ന കമ്പനികൾക്കെതിരെ ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. അതേസമയം, പ്ലാസ്റ്റിക് നിയന്ത്രണം ചെറുകിട കച്ചവടക്കാരെ ദോഷകരമായി ബാധിക്കാതിരിക്കാൻ വിവിധ സംഘടനകളുമായി ആലോചിച്ച ശേഷമായിരിക്കും അന്തിമ തീരുമാനങ്ങൾ കൈക്കൊള്ളുക.



സംസ്ഥാന സർക്കാർ 2020-ൽ സിംഗിൾ യൂസ് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നിരോധിച്ചിരുന്നു. തുടർന്ന് കേരള ഹൈക്കോടതിയുടെ കർശന നിർദ്ദേശപ്രകാരം 2025-ഓടെ വിനോദസഞ്ചാര കേന്ദ്രങ്ങൾ, കല്യാണ മണ്ഡപങ്ങൾ, സർക്കാർ പരിപാടികൾ എന്നിവടങ്ങളിൽ സിംഗിൾ യൂസ് പ്ലാസ്റ്റിക്കിന് കൂടുതൽ കർശനമായ നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ കുമളിക്ക് പുറമെ കുന്നത്തുനാട്, ചെങ്ങമനാട്, പനയം, കുമ്പളങ്ങി, മുളന്തുരുത്തി, ഇരട്ടയാർ, കീഴല്ലൂർ, പെരളശ്ശേരി, പെരുമ്പടപ്പ് എന്നീ പഞ്ചായത്തുകളും പ്ലാസ്റ്റിക് നിയന്ത്രണത്തിനായുള്ള 'ഗ്രീൻ പ്രോട്ടോക്കോൾ' പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.




കുമളി ടൗണിലെ ഓടകളിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നത് പെരിയാർ കടുവ സങ്കേതത്തിലേക്കും തേക്കടി തടാകത്തിലേക്കും ഒഴുകിയെത്തുന്നതായി പരാതി ഉയർന്നിരുന്നു കുമളിയിലെ ബസ് സ്റ്റാൻഡുകളിലും പാതയോരങ്ങളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നത് തടയാൻ കർശന നിയമനടപടികളിലേക്ക് നീങ്ങുകയാണ് കുമളി ഗ്രാമപഞ്ചായത്ത് ഭരണസമിതി.