Header Banner
നാടിന്റെ നോവായി കുഞ്ഞ് ജ്വവലിൻ

നാടിന്റെ നോവായി കുഞ്ഞ് ജ്വവലിൻ


കുമളി:
നാടിന്റെയും ഒട്ടനവധി സുമനസ്സുകളുടെയും കണ്ണീരും പ്രാർത്ഥനകളും വിഫലമാക്കി, ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിലായിരുന്ന കുമളി സ്വദേശി ടിജോ മാത്യുവിന്റെ മകൾ കുമാരി ജ്വവലിൻ (8) ഒടുവിൽ മരണത്തിന് കീഴടങ്ങി. ബാംഗ്ലൂരിലെ ആസ്റ്റർ ആശുപത്രിയിലെ സങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്ക് ശേഷം തിരുവനന്തപുരം ആർ.സി.സി.യിൽ (RCC) തുടർചികിത്സ നൽകിവരികയായിരുന്നു. രോഗാവസ്ഥ വീണ്ടും കഠിനമായതിനെ തുടർന്ന് കുമളി സെന്റ് അഗസ്റ്റിൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ഈ കുരുന്നുജീവൻ നമ്മെ വിട്ടുപിരിഞ്ഞു. കുമളി സെന്റ് തോമസ് ഇ.എം.എച്ച്.എസ്.എസ് സ്കൂളിലെ വിദ്യാർത്ഥിനിയാണ്.മാസങ്ങൾക്ക് മുൻപാണ് ജ്വവലിന്റെ മുത്തച്ഛൻ ദീർഘനാൾ ആശുപത്രിയിൽ കിടന്ന ശേഷം മരണമടഞ്ഞത്. ആ വേർപാടും വലിയ ചികിത്സാച്ചെലവുകളും കുടുംബത്തെ കടുത്ത സാമ്പത്തിക ബാധ്യതകളിലാഴ്ത്തിയിരുന്നു. തുടർന്ന് കുഞ്ഞിന്റെ അടിയന്തിര ചികിത്സയ്ക്കായി പണം കണ്ടെത്താൻ ബുദ്ധിമുട്ടിയ ഈ നിർധന കുടുംബത്തെ സഹായിക്കാൻ നാടൊന്നാകെ കൈകോർക്കുകയും നിരവധി സുമനസ്സുകൾ സാമ്പത്തിക സഹായവുമായി മുന്നോട്ടുവരികയും ചെയ്തിരുന്നു. വേദനകളോട് കഠിനമായി പോരാടി ഒടുവിൽ ജ്വവലിൻ യാത്രയാകുമ്പോൾ, ആ കുടുംബത്തിന്റെ മാത്രമല്ല, ഒരു നാടിന്റെയാകെ നെഞ്ചകം തകരുകയാണ്. സംസ്കാരം: ഇന്ന് (ഞായർ) ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം അമരാവതി അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചിൻ്റെ (Assemblies of God Church, Amaravathy)  ആറാം മൈൽ കുങ്കിരിപ്പെട്ടിയിലെ സഭാ വക സെമിത്തേരിയിൽ നടക്കും.