കേരളത്തിലെ 31 വില്ലേജുകൾ വീണ്ടും ഭീതിയിൽ; കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി; കസ്തൂരിരംഗൻ റിപ്പോർട്ടിൽ വിട്ടുവീഴ്ചയില്ല
കുമളി : കസ്തൂരിരംഗൻ സമിതി ശുപാർശകളുടെ മറവിൽ ഇടുക്കിയിലെ കർഷക ഗ്രാമങ്ങളെ പരിസ്ഥിതി ലോല പരിധിയിൽ (ESA) നിലനിർത്താനുള്ള കേന്ദ്ര വിദഗ്ദ്ധ സമിതിയുടെ നീക്കത്തിനെതിരെ ജില്ലയിൽ പ്രതിഷേധം ശക്തമാകുന്നു. ലക്ഷക്കണക്കിന് സാധാരണക്കാരായ കർഷകരെ നാശത്തിലേക്ക് തള്ളിവിടുന്ന ഈ നീക്കത്തെ ചെറുക്കാൻ സംസ്ഥാന സർക്കാരിന്റെയും, ജില്ലയിലെ എം.പി, എം.എൽ.എമാരുടെയും, ഭരണ-പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെയും അടിയന്തരവും ശക്തവുമായ ഇടപെടൽ ഉണ്ടാകണമെന്ന് കർഷക പ്രതിനിധികൾ ആവശ്യപ്പെട്ടു.ഇടുക്കി, വയനാട് ജില്ലകളിലെ 31 വില്ലേജുകളെ ഇ.എസ്.എ പരിധിയിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം സഞ്ജയ് കുമാർ അധ്യക്ഷനായ കേന്ദ്ര സമിതി തള്ളിയതോടെയാണ് ജില്ല വീണ്ടും കടുത്ത ഭീതിയിലായത്.
നിലവിലെ കരട് വിജ്ഞാപനത്തിന്റെ കാലാവധി ജൂലൈ 27-ന് അവസാനിക്കാനിരിക്കെ, സംസ്ഥാനവുമായി കൃത്യമായ ധാരണയിലെത്താതെ അന്തിമ വിജ്ഞാപനം ഇറക്കാനാണ് കേന്ദ്ര നീക്കം.ജനവാസ കേന്ദ്രങ്ങളും കൃഷിഭൂമികളും തോട്ടങ്ങളും പൂർണ്ണമായി ഒഴിവാക്കി വനമേഖല മാത്രം പരിസ്ഥിതി ലോലമാക്കുക എന്നതായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാൽ ഇടുക്കിയിലെ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലകൾ ഒഴിവാക്കാൻ കഴിയില്ലെന്ന കേന്ദ്രത്തിന്റെ കടുംപിടുത്തം കർഷകരുടെ നിലനിൽപ്പ് അപകടത്തിലാക്കും.കേന്ദ്ര നീക്കത്തിനെതിരെ എല്ലാ രാഷ്ട്രീയ കക്ഷികളും കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും, പാർലമെന്റിലും നിയമസഭയിലും ശക്തമായ സമ്മർദ്ദം ചെലുത്തണമെന്നുമാണ് മലയോര ജനതയുടെ ആവശ്യം. വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് വിവിധ കർഷക സംഘടനകളുടെ തീരുമാനം.


