കൊച്ചി: രാജ്യത്തിന്റെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ പുരസ്കാരം ലഭിച്ചതിൽ കേന്ദ്ര സർക്കാരിനും പ്രിയപ്പെട്ട പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി മെഗാസ്റ്റാർ മമ്മൂട്ടി. ഫേസ്ബുക്ക് ഉൾപ്പെടെയുള്ള തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് താരം നന്ദി അറിയിച്ചത്.
ഈ ആദരവിൽ അങ്ങേയറ്റം വിനയാന്വിതനാണെന്നും മഹനീയമായ ഈ അംഗീകാരം നൽകിയ ഭാരത സർക്കാരിനോട് ആത്മാർത്ഥമായ കൃതജ്ഞത പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.തന്റെ അഞ്ച് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിന്റെ പ്രതിഫലനമാണ് ഈ പുരസ്കാരമെന്ന് വ്യക്തമാക്കിയ അദ്ദേഹം, തന്നെ നിരന്തരം പിന്തുണയ്ക്കുന്ന പ്രേക്ഷകരെയും സ്നേഹത്തോടെ സ്മരിച്ചു. "എന്റെ പ്രിയപ്പെട്ട പ്രേക്ഷകരായ നിങ്ങളില്ലായിരുന്നെങ്കിൽ ഈ 5 പതിറ്റാണ്ട് നീണ്ട യാത്ര ഉണ്ടാകുമായിരുന്നില്ല. എന്നെ മുന്നോട്ട് നയിക്കുന്ന നിങ്ങളുടെ അതിരറ്റ സ്നേഹത്തിനും വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദി," മമ്മൂട്ടി കുറിച്ചു.ലഭിച്ച ഈ വലിയ അംഗീകാരം മനോഹരമായ ചലച്ചിത്ര ലോകത്തിനും തന്നെ സ്നേഹിക്കുന്ന ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കുമായി സമർപ്പിക്കുന്നതായും മെഗാസ്റ്റാർ തന്റെ കുറിപ്പിൽ വ്യക്തമാക്കി. അഞ്ച് പതിറ്റാണ്ടിലേറെയായി 400-ലധികം ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ അതുല്യമായ സംഭാവനകളെ മുൻനിർത്തിയാണ് രാഷ്ട്രപതി ദ്രൗപദി മുർമു അദ്ദേഹത്തിന് പത്മഭൂഷൺ ബഹുമതി സമ്മാനിച്ചത്.


