പകർച്ചവ്യാധി പ്രതിരോധത്തിന് സമഗ്ര കർമപദ്ധതിയായ കരുതൽ ശില്പശാല സംഘടിപ്പിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ശില്പശാല നടന്നത്
പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ ‘കരുതൽ’ എന്ന പേരിൽ സമഗ്ര പകർച്ചവ്യാധി പ്രതിരോധ ശില്പശാല സംഘടിപ്പിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോൾ ജിന്നി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെ കർമപദ്ധതികൾ രൂപീകരിക്കുന്നതിനും പ്രതിരോധ നടപടികൾ ആസൂത്രണം ചെയ്യുന്നതിനുമായാണ് ശില്പശാല സംഘടിപ്പിച്ചത്.
ആരോഗ്യ രംഗത്തെ വിദഗ്ധർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ ഉൾപ്പെടെ ഷിഗെല്ല പോലുള്ള സാംക്രമിക രോഗങ്ങൾ പടരുന്നത് തടയുന്നതിനുള്ള മുൻകരുതലുകളും പ്രതിരോധ മാർഗങ്ങളും ശില്പശാലയിൽ വിശദീകരിച്ചു.
ജനപങ്കാളിത്തത്തോടെയും വകുപ്പുതല ഏകോപനത്തോടെയും പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകത ശില്പശാലയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. ക്ലോറിനേഷൻ ഉൾപ്പെടെയുള്ള നിരവധി പ്രവർത്തനങ്ങൾ ഉടനടി ആരംഭിക്കുമെന്ന് പ്രസിഡൻറ് സാന്ദ്ര മോൾ ജിന്നി, വൈസ് പ്രസിഡണ്ട് എ പി ഉസ്മാൻ എന്നിവർ അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിജു നിള, സ്റ്റീഫൻ ജോർജ്, മാത്യു സെബാസ്റ്റ്യൻ, സുബി കൂന്തളായിൽ, അജിത്ത് കുമാർ, സോനാ ട്രീസ ജോബി, എന്നിവരോടൊപ്പം ത്രിതല പഞ്ചായത്ത് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.



