കുമളി ക്ഷീരോത്പാദക സഹകരണ സംഘത്തിൽ (അപ്കോസ്) ചട്ടങ്ങൾ ലംഘിച്ച് സൊസൈറ്റി സെക്രട്ടറിയുടെ ഭാര്യയ്ക്ക് പിൻവാതിൽ നിയമനം നൽകിയതായി പരാതി. സഹകരണ വകുപ്പിന്റെ കർശനമായ നിയമങ്ങളും സുതാര്യത ഉറപ്പാക്കുന്ന അപ്കോസ് ചട്ടങ്ങളും പൂർണ്ണമായി ലംഘിച്ചാണ് ഈ താൽക്കാലിക നിയമനം നടന്നിരിക്കുന്നത്.
മുഴുവൻ സമയ നിയമനങ്ങൾക്ക് പാലിക്കേണ്ട പൊതുവിജ്ഞാപനങ്ങളും പരീക്ഷാ നടപടികളും മറികടക്കാൻ വേണ്ടി 'പാർട്ട് ടൈം' തസ്തിക എന്ന ലൂപ്പ്ഹോൾ ഉപയോഗിച്ചാണ് ഈ ക്രമക്കേട് നടത്തിയിരിക്കുന്നത്.
യോഗ്യരായ നിരവധി പ്രാദേശിക ഉദ്യോഗാർത്ഥികളെ പൂർണ്ണമായും അവഗണിച്ചുകൊണ്ടാണ് സെക്രട്ടറിയുടെ ഈ സ്വജനപക്ഷപാതം.സെക്രട്ടറിയുടെ ഭാര്യയ്ക്ക് പ്രതിദിനം വെറും 150 രൂപയാണ് (മാസത്തിൽ 4,500 രൂപ) ശമ്പളമായി നൽകുന്നത്.
ഉയർന്ന യോഗ്യതയുള്ള പ്രാദേശിക ഉദ്യോഗാർത്ഥികളെ മനഃപൂർവ്വം അകറ്റി നിർത്താൻ വേണ്ടിയാണ് ഇത്രയും തുച്ഛമായ വേതനത്തിൽ ഈ തസ്തിക സൃഷ്ടിച്ചതെന്നാണ് ആക്ഷേപം. കുറഞ്ഞ വേതനത്തിൽ പാർട്ട് ടൈം ആയി കയറ്റിയ ശേഷം, പിന്നീട് ഭരണസമിതിയുടെ സ്വാധീനത്തിൽ ഇവരെ സംഘത്തിൽ സ്ഥിരപ്പെടുത്താനുള്ള ആസൂത്രിത നീക്കമാണ് ഇതിന് പിന്നിലെന്ന് പരസ്യമായ ആക്ഷേപം ഉയർന്നു കഴിഞ്ഞു. സുതാര്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.





