കുമളി : പെരിയാർ ഈസ്റ്റ് വനവികസന ഏജൻസിയുടെ (എഫ്.ഡി.എ) വാർഷിക പൊതുയോഗം തേക്കടിയിൽ വെച്ച് നടന്നു. വനസംരക്ഷണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനും വരും വർഷങ്ങളിലെ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുമായാണ് യോഗം ചേർന്നത്.
പെരിയാർ ഈസ്റ്റ് എഫ്.ഡി.എ ചെയർമാൻ ശ്രീ. P.P. പ്രമോദ് IFS യോഗത്തിൽ അധ്യക്ഷത വഹിച്ചു. വനസംരക്ഷണത്തിലും ഇക്കോ ടൂറിസം വികസനത്തിലും പ്രാദേശിക ജനവിഭാഗങ്ങളുടെ പങ്കാളിത്തം കൂടുതൽ ശക്തമാക്കണമെന്ന് അദ്ദേഹം തന്റെ അധ്യക്ഷ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
പെരിയാർ ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. P.U. സാജു IFS ചടങ്ങിൽ സ്വാഗതം ആശംസിച്ചു.പെരിയാർ ഈസ്റ്റ് ഡിവിഷനിലെ 2024 ഏപ്രിൽ 1 മുതൽ 2025 മാർച്ച് 31 വരെയുള്ള വരവ് ചെലവ് കണക്കുകളും വരും വർഷത്തെ ബജറ്റും യോഗത്തിൽ അവതരിപ്പിച്ചു. പൊതുയോഗം ഈ കണക്കുകൾ വിശദമായി ചർച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്തു.
വനസംരക്ഷണത്തോടൊപ്പം വനാശ്രിത സമൂഹങ്ങളുടെ ജീവനോപാധികൾ മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ പദ്ധതികൾക്കും യോഗം അംഗീകാരം നൽകിയിട്ടുണ്ട്.യോഗത്തിൽ പെരിയാർ ഈസ്റ്റ് അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ ശ്രീമതി. ലക്ഷ്മി. R, FDA പ്രതിനിധി ശ്രീ. ഷാജി കുരിശുംമൂട് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഇ.ഡി.സി (EDC) സെക്രട്ടറിമാർ, പ്രസിഡന്റുമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വനംവകുപ്പ് ജീവനക്കാർ തുടങ്ങിയവർ പൊതുയോഗത്തിൽ പങ്കെടുത്തു





