Header Banner
പ്രതിഷേധങളേ മറികടന്ന് കുമളി മോഡൽ

പ്രതിഷേധങളേ മറികടന്ന് കുമളി മോഡൽ

കുമളി: കഴിഞ്ഞ ശനിയാഴ്ച മേഘവിസ്ഫോടനത്തിന് സമാനമായ അതിശക്തമായ മഴ പെയ്തിറങ്ങിയിട്ടും കുമളി ടൗണും സമീപപ്രദേശങ്ങളും വെള്ളപ്പൊക്ക ഭീതിയിൽ നിന്ന് പൂർണ്ണമായും രക്ഷപെട്ടു. മുൻവർഷങ്ങളിൽ കനത്ത മഴ പെയ്യുമ്പോൾ ടൗണും ഒന്നാം മൈലും വെള്ളത്തിനടിയിലാവുകയും വ്യാപാരികൾക്കും ജനങ്ങൾക്കും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്യുമായിരുന്നു. എന്നാൽ ഇത്തവണ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ കൃത്യതയോടെയും ദൃഢനിശ്ചയത്തോടെയും നടപ്പിലാക്കിയതാണ് വലിയൊരു ദുരന്തം ഒഴിവാകാൻ കാരണമായത് 


.കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. എം. വർഗ്ഗീസിന്റെയും ഭരണസമിതിയുടെയും കൃത്യമായ മുൻകൂട്ടി കാണലും ശക്തമായ ഇടപെടലുകളുമാണ് ഈ നേട്ടത്തിന് പിന്നിൽ. ടൗണിലെയും സമീപപ്രദേശങ്ങളിലെയും ഓടകളും കനാലുകളും വൃത്തിയാക്കുന്ന ഘട്ടത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും തടസ്സവാദങ്ങളും ഉയർന്നിരുന്നു. എന്നാൽ നാടിന്റെ നന്മയും ജനങ്ങളുടെ സുരക്ഷയും മുൻനിർത്തി, എല്ലാ എതിർപ്പുകളെയും നിയമപരമായ തടസ്സങ്ങളെയും സമയബന്ധിതമായി മറികടന്ന് പ്രസിഡന്റും ഭരണസമിതിയും ഉറച്ച തീരുമാനങ്ങളുമായി മുന്നോട്ട് പോവുകയായിരുന്നു.വനം വകുപ്പിന്റെ പ്രത്യേക അനുമതി അടിയന്തരമായി വാങ്ങി, ആനവച്ചാൽ തോട്ടിലെ ഒഴുക്ക് തടസ്സപ്പെടുത്തി നിന്നിരുന്ന മുളങ്കൂട്ടങ്ങളും മാലിന്യങ്ങളും പൂർണ്ണമായി നീക്കം ചെയ്തത് പെരിയാർ കോളനിയിലെ ജനങ്ങൾക്കും വലിയ ആശ്വാസമായി.

 കൂടാതെ ടൗണിലെ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മുതൽ പെട്രോൾ പമ്പ് വരെയുള്ള ഭാഗത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ ഓടകളും കലുങ്കുകളും കൃത്യമായി വൃത്തിയാക്കി ഒഴുക്ക് സുഗമമാക്കിയിരുന്നു. എതിർപ്പുകളെയും പ്രതിസന്ധികളെയും കാറ്റിൽപ്പറത്തി നാടിന് കാവലായ പഞ്ചായത്ത് പ്രസിഡന്റ് എം. എം. വർഗ്ഗീസിനും ഭരണസമിതിക്കും വ്യാപാരികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും വലിയ രീതിയിലുള്ള അഭിനന്ദനപ്രവാഹമാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.