Header Banner
ജാതിക്കും നിറത്തിനുമപ്പുറം മനുഷ്യനെ കാണാൻ പഠിപ്പിക്കുന്ന 'ഇരുനിറം'.

ജാതിക്കും നിറത്തിനുമപ്പുറം മനുഷ്യനെ കാണാൻ പഠിപ്പിക്കുന്ന 'ഇരുനിറം'.

 


ഇരുനിറം' പറയുന്നത് ഓരോ തലമുറയും തങ്ങളുടെ പൂർവികരിൽ നിന്ന് പകർന്നു കിട്ടുന്ന പക്ഷപാതങ്ങളുടെയും വിവേചനങ്ങളുടെയും കഥയാണ്. കപടസങ്കല്പങ്ങളുടെ തടവറയിൽ കഴിയുന്ന സമൂഹത്തിന്റെ പൊള്ളത്തരങ്ങളെ ഈ കൊച്ചു ചിത്രം ധീരതയോടെ തുറന്നുകാട്ടുന്നു. സംസ്ഥാന അവാർഡിനായുള്ള അവസാനവട്ട മത്സരത്തിൽ ഇടംപിടിച്ചെങ്കിലും, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഈ സിനിമ, പ്രേക്ഷകരുടെ ഹൃദയങ്ങളിൽ വലിയൊരു പ്രതിഫലനം തന്നെ സൃഷ്ടിക്കും.




കറുപ്പിന്റെയും ദളിതന്റെയും രാഷ്ട്രീയം വളരെ ശക്തമായിത്തന്നെ ചിത്രം ചർച്ച ചെയ്യുന്നുണ്ട്. മുൻതലമുറയിലെ ചിലരുടെ സങ്കുചിത ചിന്താഗതികളുടെ കുറ്റസമ്മതമായി തോന്നാവുന്ന ചില സംഭാഷണങ്ങൾ, നിറത്തിന്റെയും ജാതിയുടെയും പേരിൽ മനുഷ്യരെ മാറ്റിനിർത്തുന്ന ഇന്നത്തെ സാമൂഹിക യാഥാർത്ഥ്യങ്ങളെയാണ് ചൂണ്ടിക്കാണിക്കുന്നത്.




അമ്പിളിയെന്ന കഥാപാത്രത്തെ തന്മയ സോൾ അവിസ്മരണീയമാക്കിയിരിക്കുന്നു. തിരുവനന്തപുരം സ്വദ്ദേശിയായ ഈ കൊച്ചു മിടുക്കിയുടെ നിഷ്കളങ്കമായ അഭിനയവും വൈകാരികമായ രംഗങ്ങളിലെ ആഴവും സിനിമയുടെ വലിയ മുതൽക്കൂട്ടാണ്. മികച്ച ബാലതാരത്തിനുള്ള പുരസ്കാരങ്ങൾ അവൾ ഇതിനകം തന്നെ സ്വന്തമാക്കിക്കഴിഞ്ഞു. അമ്പിളിയുടെ അച്ഛൻ വേണുവായി അഭിനയിച്ച ദിനീഷ് ആലപ്പിയും തന്റെ വേഷം ഹൃദയഹാരിയാക്കി. നിറത്തിന്റെ പേരിൽ അവഗണിക്കപ്പെട്ടുപോയ ഒരച്ഛന്റെയും മകളുടെയും സങ്കടങ്ങൾ ഇരുവരും ചേർന്ന് മനസ്സിൽ തട്ടുന്ന രീതിയിൽ അവതരിപ്പിച്ചു.




സിനിമയിലെ പഴയ തലമുറയുടെ ചിന്താഗതികളിൽ നിന്നും വ്യത്യസ്തമായി, ഇന്നത്തെ പുതിയ തലമുറയ്ക്ക് ജാതിയും മതവും നിറവുമൊന്നും ഒരു പ്രശ്നമേയല്ല. ഈ കൊച്ചു ചിത്രത്തിലെ രംഗങ്ങൾ കണ്ട് ഒരു കുട്ടി മനസ്സുരുകി കരഞ്ഞ സംഭവം, ഈ ചിത്രത്തിന് പ്രേക്ഷകരിലുണ്ടാക്കിയ ശക്തമായ സ്വാധീനത്തെ വ്യക്തമാക്കുന്നു.
'ഇരുനിറം' എല്ലാവരും കാണേണ്ട ഒരു ചിത്രമാണ്. അമ്പിളിയുടെയും വേണുവിന്റെയും കഥ പറയുന്നതിനൊപ്പം, മനസ്സിലെ ഇരുട്ടു മാറ്റാൻ കൂടിയാണ് ഇത് പ്രദർശിപ്പിക്കേണ്ടത്. ജാതിയും മതവും രേഖപ്പെടുത്താനുള്ള കോളം ഒഴിവാക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. കഴിവിന്റെ അടിസ്ഥാനത്തിൽ ആളുകൾ എത്തേണ്ടിടത്ത് എത്തട്ടെ.
സംവിധായകൻ ജിന്റോ തോമസിനും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. സിനിമയിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും സംവിധാനവും മികച്ചതായിരുന്നു. ഈ കുഞ്ഞു ചിത്രം തീർച്ചയായും കാണേണ്ടതുതന്നെയാണ്.