തേക്കടി: പെരിയാർ ടൈഗർ റിസർവിന്റെ ആഭിമുഖ്യത്തിൽ, കേരള വനം-വന്യജീവി വകുപ്പിന്റെയും കുഫോസിന്റെയും (KUFOS) സംയുക്ത പങ്കാളിത്തത്തോടെ 'സംയോജിത അധിനിവേശ മത്സ്യ നിർമ്മാർജ്ജന പരിപാടി ആരംഭിച്ചു. തേക്കടി ബാംബൂ ഗ്രോവ് കളരിയിൽ നടന്ന ചടങ്ങിൽ കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിന്റെ (കുഫോസ്) വൈസ് ചാൻസലർ ഡോ. എ. ബിജു കുമാർ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു
പെരിയാർ ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ പി. യു. സാജു (IFS) ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കുഫോസ് രജിസ്ട്രാർ പ്രൊഫ. ഡോ. ദിനേഷ് മുഖ്യപ്രഭാഷണം നടത്തി. അധിനിവേശ മത്സ്യ ഇനങ്ങളുടെ വ്യാപനം തടയുന്നതിനായി ആസൂത്രണം ചെയ്തിട്ടുള്ള പദ്ധതിയുടെ വിവിധ വശങ്ങളെക്കുറിച്ച് കുഫോസ് റിസർച്ചർ ഡോ. സ്മൃതി രാജ് വിഷയാവതരണം നടത്തി.

മത്സ്യ സർവ്വേ, വല വിതരണം, ആഫ്രിക്കൻ മുഷി നിർമ്മാർജ്ജനം, മൂല്യവർദ്ധിത ഉൽപ്പന്ന പരിശീലനം, ബോധവൽക്കരണ ക്ലാസുകൾ തുടങ്ങിയവയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ. വനം വകുപ്പ് ഉദ്യോഗസ്ഥരും, വിവിധ വന സംരക്ഷണ സമിതി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ഇതിനോടനുബന്ധമായി, തേക്കടി ആനവച്ചാൽ പാർക്കിംഗ് ഗ്രൗണ്ടിൽ സംഘടിപ്പിച്ചിരിക്കുന്ന രണ്ട് ദിവസത്തെ 'എത്നിക് ഫുഡ് ഫെസ്റ്റ്' പരിപാടിക്കും തുടക്കമായി. തനത് നാടൻ ഭക്ഷണവിഭവങ്ങളും വനവിഭവങ്ങൾ ഉപയോഗിച്ചുള്ള വിഭവങ്ങളും മേളയിൽ ലഭ്യമാണ്.
പെരിയാർ ടൈഗർ റിസർവ് അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ ലക്ഷ്മി ആർ. സ്വാഗതം ആശംസിച്ചു. പി.ടി.സി.എഫ് ഗവേണിംഗ് ബോഡി പ്രതിനിധി ഷാജി കുരിശുംമൂട്, തേക്കടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഫ്രാൻസിസ് എം. യോഹന്നാൻ എന്നിവർ ആശംസകൾ നേർന്നു. റിസർച്ച് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടി.കെ. മനോജ് ചടങ്ങിൽ നന്ദി രേഖപ്പെടുത്തി