വാഗമൺ ഉൾപ്പെടെയുള്ള വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്ന കുടുംബശ്രീ തൊഴിലാളികൾക്ക് 12 മാസത്തെ ശമ്പളം കുടിശ്ശികയെന്ന് പരാതി.
വാഗമൺ മൊട്ടക്കുന്നിൽ ജോലി ചെയ്യുന്ന മൂന്ന് കുടുംബശ്രീ തൊഴിലാളികൾക്ക് 2024 ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലെയും, 2025 ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലെയും, 2026 ഫെബ്രുവരി മുതൽ ജൂലൈ വരെയുള്ള മാസങ്ങളിലെയും ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല.
കുടുംബത്തിൽ മറ്റ് വരുമാനമാർഗ്ഗങ്ങളില്ലാത്ത സാധാരണക്കാരായ ക്ലീനിംഗ് തൊഴിലാളികളാണ് ഇവർ. ഉപജീവനത്തിന് ഈ ജോലിയെ മാത്രം ആശ്രയിച്ചു കഴിയുന്ന ഇവരുടെ ജീവിതത്തെ ശമ്പളം മുടങ്ങിയത് കഠിനമായി ബാധിച്ചിരിക്കുകയാണ്. പ്രതിമാസം 13,500 രൂപയാണ് ഇവരുടെ ശമ്പളം.
ഇതിനെക്കുറിച്ച് കുടുംബശ്രീ മിഷൻ ഓഫീസിൽ അന്വേഷിച്ചപ്പോൾ, ഡി.ടി.പി.സി. (DTPC) ആണ് ശമ്പളം നൽകേണ്ടതെന്നും, തങ്ങൾ കുടുംബശ്രീ സ്റ്റാഫുകൾക്ക് മാത്രമാണ് ശമ്പളം നൽകുന്നതെന്നുമാണ് ലഭിച്ച വിശദീകരണം.
എന്നാൽ, സർക്കാർ ഫണ്ട് ലഭ്യമാകാത്തതിനാലാണ് ശമ്പളം വൈകിയതെന്നും ഉടൻ തന്നെ തുക അനുവദിക്കുമെന്നും ഡി.ടി.പി.സി. സെക്രട്ടറി അറിയിച്ചു.





