Header Banner
നവജാത ശിശു കടത്ത്: അന്വേഷണം ജില്ലയ്ക്ക് പുറത്തേക്ക്; രണ്ടാമത്തെ കേസും രജിസ്റ്റർ ചെയ്തു.

നവജാത ശിശു കടത്ത്: അന്വേഷണം ജില്ലയ്ക്ക് പുറത്തേക്ക്; രണ്ടാമത്തെ കേസും രജിസ്റ്റർ ചെയ്തു.

 


കോട്ടയത്ത് നവജാതശിശുക്കളെ കടത്തുന്ന സംഘത്തിനെതിരെയുള്ള പരാതിയിൽ അന്വേഷണം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു. സംഭവത്തിൽ കുഞ്ഞിനെ വിൽപ്പന നടത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് രണ്ടാമത്തെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇതരസംസ്ഥാനക്കാരിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് സംഘം വിൽപ്പന നടത്തിയത്.



​അസം സ്വദേശിയായ 22-കാരി നൽകിയ പരാതിയിൽ നടത്തിയ തിരിഞ്ഞുനോട്ടത്തിലാണ് മറ്റ് രണ്ട് യുവതികൾ പ്രസവിച്ച കുഞ്ഞുങ്ങളെയും സമാനമായ രീതിയിൽ വിൽപ്പന നടത്തിയിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരം പൊലീസിന് ലഭിക്കുന്നത്. ഇതിലൊരു സംഭവത്തിൽ കോട്ടയം പൊലീസ് രജിസ്റ്റർ ചെയ്ത 'സീറോ എഫ്.ഐ.ആർ' തുടർനടപടികൾക്കായി തൊടുപുഴ പൊലീസിന് കൈമാറിയിട്ടുണ്ട്.



​ഈരാറ്റുപേട്ട കേസിലെ പ്രധാന പ്രതിയായ തിരുനെൽവേലി സ്വദേശി രാജനെയും മറ്റ് നാലുപേരെയും ചേർത്താണ് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രാജനൊപ്പം വാഗമൺ സ്വദേശിയായ അർജുനും നിലവിൽ അറസ്റ്റിലായിട്ടുണ്ടെങ്കിലും, രണ്ടാമത്തെ കേസിൽ അർജുന്റെ പങ്ക് എത്രത്തോളമുണ്ടെന്ന് വ്യക്തമായിട്ടില്ല. കൊല്ലം സ്വദേശിനിയായ അനീനയാണ് കേസിലെ പ്രധാന ഇടനിലക്കാരി.


​സമൂഹമാധ്യമങ്ങൾ വഴിയാണ് തട്ടിപ്പുസംഘം ഇരകളെ കണ്ടെത്തിയിരുന്നത്. കുഞ്ഞുങ്ങളെ വേണ്ടാത്ത ഇതരസംസ്ഥാനക്കാരായ ഗർഭിണികളുമായി ഇൻസ്റ്റഗ്രാം വഴി നിരന്തരം ചാറ്റ് ചെയ്താണ് ഇവർ വലയിലാക്കിയിരുന്നത്. ചില പ്രശ്നങ്ങളെ തുടർന്ന് ഭർത്താവുമായി പിരിഞ്ഞ അസം സ്വദേശിയായ യുവതി, പ്രസവത്തിന് സഹായം തേടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റ് കണ്ടാണ് പ്രതികൾ ഇവരെ ബന്ധപ്പെടുന്നത്. എന്നാൽ തന്റെ കുഞ്ഞിനെ വിൽപ്പന നടത്താനാണ് ശ്രമമെന്ന് യുവതിക്ക് അറിവില്ലായിരുന്നു. ഏഴ് മാസം ഗർഭിണിയായിരിക്കെ പ്രതികളുമായി തർക്കത്തിലായതിനെ തുടർന്നാണ് യുവതി പൊലീസിൽ പരാതിപ്പെടുന്നത്.



​വിൽപ്പന നടത്തിയ കുട്ടികളെ കേരളത്തിൽ തന്നെയാണ് കൈമാറിയതെന്നാണ് പൊലീസിന് ലഭിച്ച സൂചന. നിലവിൽ ഈരാറ്റുപേട്ടയിലേത് അടക്കം മൂന്ന് സമാന സംഭവങ്ങളാണ് പൊലീസിന്റെ അന്വേഷണ പരിധിയിലുള്ളത്.