പെട്രോളിനും പാചകവാതകത്തിനും പിന്നാലെ സാധാരണക്കാരന് തിരിച്ചടിയായി മൊബൈൽ റീച്ചാർജ് നിരക്കുകളും വർധിക്കുന്നു. വരും മാസങ്ങളിൽ ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനികൾ മൊബൈൽ പ്ലാനുകളുടെ നിരക്ക് വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക ഗവേഷണ സ്ഥാപനമായ നൊമൂറ റിസർച്ച് റിപ്പോർട്ട് ചെയ്യുന്നു.
ഒക്ടോബർ - ഡിസംബർ കാലയളവിലാകും പുതിയ നിരക്കുകൾ നിലവിൽ വരികയെന്നാണ് സൂചന. 2019-ന് ശേഷം ഏകദേശം എല്ലാ രണ്ടു വർഷം കൂടുമ്പോഴും ടെലികോം കമ്പനികൾ 19 മുതൽ 29 ശതമാനം വരെ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. 5ജി ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾക്കായി ചിലവിടുന്ന തുകയുമായി താരതമ്യം ചെയ്യുമ്പോൾ ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം (ARPU) കുറവാണെന്നതാണ് കമ്പനികൾ നിരക്ക് വർധനയ്ക്കായി ചൂണ്ടിക്കാട്ടുന്ന പ്രധാന കാരണം.
വിദ്യാഭ്യാസം, തൊഴിൽ, ഓൺലൈൻ പണമിടപാടുകൾ തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിലും മൊബൈൽ ഫോണിനെ ആഴത്തിൽ ആശ്രയിക്കുന്ന സാഹചര്യത്തിൽ ഈ വിലവർധനവ് സാധാരണക്കാരെ സാരമായി ബാധിക്കും. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ഇന്റർനെറ്റ് നിരക്കുകൾ കുറവാണെങ്കിലും, കുറഞ്ഞ വാർഷിക വരുമാനമുള്ള ഭൂരിഭാഗം ഉപഭോക്താക്കൾക്കും ഈ വർധനവ് വലിയ ബാധ്യതയാകുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.



