വനംവകുപ്പിനെതിരെ രൂക്ഷവിമർശനവുമായി എം.എം. മണി. ഉദ്യോഗസ്ഥർ മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ നിയമം കയ്യിലെടുക്കുമെന്നും, പൊലീസും ഫോറസ്റ്റും തങ്ങൾക്ക് പുല്ലാനെന്നും അദ്ദേഹം പറഞ്ഞു. വനംവകുപ്പിന്റെ കർഷകദ്രോഹ നടപടികൾക്കെതിരെ കർഷക സംഘം നടത്തിയ നഗരംപാറ റേഞ്ച് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റവന്യൂ ഭൂമിയിലെ വനംവകുപ്പിന്റെ കയ്യേറ്റം, കർഷകർക്കെതിരായ കള്ളക്കേസുകൾ, രൂക്ഷമായ കാട്ടാന ശല്യം എന്നിവയ്ക്കെതിരെയായിരുന്നു കർഷക സംഘം ഇടുക്കി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധ മാർച്ച്. ഉദ്യോഗസ്ഥർക്കെതിരെ കടുത്ത ഭാഷയിലാണ് എം.എം. മണി പ്രതികരിച്ചത്. കർഷകർ വീടുവെക്കുന്ന സ്ഥലത്ത് വനംവകുപ്പ് കയ്യേറാൻ വന്നാൽ കൈകാര്യം ചെയ്യുമെന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെയും അദ്ദേഹം തിരിഞ്ഞു.
സ്വകാര്യ ഭൂമിയിലെ ജണ്ടകൾ പൊളിച്ചുമാറ്റുക, കാട്ടാന ശല്യത്തിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ വനംവകുപ്പ് അടിയന്തരമായി അംഗീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് കർഷകരുടെ തീരുമാനം. കേരള കര്‍ഷക സംഘം സംസ്ഥാന വര്‍ക്കിംഗ് കമ്മറ്റിയംഗം സി.വി. വര്‍ഗീസ്, സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്‍.വി. ബേബി, ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്‍, കര്‍ഷക ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ലിസ്സി ജോസ്, തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.


