ഇടുക്കിയിൽ അതിഥി തൊഴിലാളികൾക്കിടയിൽ മലേറിയ രോഗം പടരുന്നത് ആശങ്ക ഉയർത്തുന്നു. കാഞ്ചിയാറിൽ കഴിഞ്ഞ ദിവസം മരിച്ച ജാർഖണ്ഡ് സ്വദേശിനിയുടെ ഭർത്താവിന് മലേറിയ സ്ഥിരീകരിച്ചു. ജില്ലയിൽ ഈ വർഷം 277 പേർക്കാണ് രോഗം ബാധിച്ചത്.
ഇടുക്കി ജില്ലയിൽ അതിഥി തൊഴിലാളികൾ കൂടുതൽ താമസിക്കുന്ന ഇടങ്ങളിലാണ് മലേറിയ പടർന്നു പിടിക്കുന്നത്. ഈ വർഷം ഇതുവരെ 277 പേർക്ക് രോഗം സ്ഥിരീകരിച്ചു.ഇതിൽ മൂന്നുപേർ ചികിത്സ തേടാതെ ആശുപത്രിയിൽ നിന്ന് പോയതും ആശങ്ക വർധിപ്പിക്കുന്നു. കഴിഞ്ഞ ദിവസം കാഞ്ചിയാറിൽ മരിച്ച ജാർഖണ്ഡ് സ്വദേശിയുടെ ഭർത്താവിന് മലേറിയ സ്ഥിരീകരിച്ചു.മരിച്ച യുവതിക്ക് മലേറിയ ബാധിച്ചിരുന്നോ എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ വ്യക്തമാകൂ.രോഗം പടരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.
ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇടുക്കിയിലെ ഏലത്തോട്ടങ്ങളിൽ പണിക്കെത്തുന്ന തൊഴിലാളികളുടെ കൃത്യമായ വിവരം I ആരോഗ്യവകുപ്പിന്റെ പക്കലില്ല. ഇത് മൂലം രോഗ പരിശോധനയ്ക്കോ ചികിത്സ നൽകുന്നതിനോ പലപ്പോഴും കഴിയാറില്ല.
മലേറിയയ്ക്ക് പുറമേ മന്ത് പോലെയുള്ള രോഗങ്ങളും അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപകമാണ്.ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുമ്പോൾ തന്നെ രോഗപരിശോധന കർശനമാക്കിയില്ലെങ്കിൽ പകർച്ചവ്യാധികൾ പടരാനുള്ള സാധ്യത കൂടുതലാണ്.