Header Banner
ഓപ്പറേഷൻ തൂഫാൻ; കുമിളി അതിർത്തിയിൽ പരിശോധനകൾ നാമമാത്രം

ഓപ്പറേഷൻ തൂഫാൻ; കുമിളി അതിർത്തിയിൽ പരിശോധനകൾ നാമമാത്രം

 


കുമിളി: ലഹരിക്കെതിരെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 'ഓപ്പറേഷൻ തൂഫാൻ' ഹൈറേഞ്ച് മേഖലയിൽ മന്ദഗതിയിലെന്ന് ആക്ഷേപം. കർണാടക, തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് അതിർത്തി കടന്നെത്തുന്ന മാരക ലഹരിമരുന്നുകൾ കണ്ടെത്താൻ കുമിളി ചെക്പോസ്റ്റിൽ കാര്യക്ഷമമായ പരിശോധനകൾ നടക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.കഴിഞ്ഞ ആഴ്ചകളിൽ കുമിളി വഴി കടത്താൻ ശ്രമിച്ച 20 കിലോയിലധികം കഞ്ചാവാണ് അതിർത്തിയിൽ തമിഴ്‌നാട് പോലീസ് പിടികൂടിയത്. എന്നാൽ കേരള അതിർത്തിയോട് ചേർന്നുള്ള എക്സൈസ് വകുപ്പിന്റെ പരിശോധനകൾ ഇപ്പോഴും നാമമാത്രമായി തുടരുകയാണ്. ചരക്ക് വാഹനങ്ങളിലും ആഡംബര വാഹനങ്ങളിലും ഒളിപ്പിച്ചു കടത്തുന്ന എം.ഡി.എം.എ അടക്കമുള്ള ലഹരിവസ്തുക്കൾ കണ്ടെത്താൻ അതിർത്തിയിൽ ആവശ്യത്തിന് പോലീസോ എക്സൈസ് സംവിധാനങ്ങളോ ഇല്ല.




പരിശോധനകൾക്ക് ആധുനിക സംവിധാനങ്ങളില്ല


കുമിളി അതിർത്തി ചെക്പോസ്റ്റുകളിൽ ഡോഗ് സ്ക്വാഡിന്റെ സേവനമോ ആധുനിക പരിശോധനാ ഉപകരണങ്ങളോ നിലവിലില്ല. രാത്രികാലങ്ങളിൽ സ്ത്രീകളെ മറയാക്കി നടക്കുന്ന ലഹരി കടത്ത് തടയാൻ എക്സൈസ് വിഭാഗത്തിൽ വനിതാ ജീവനക്കാരുടെ കുറവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.തമിഴ്‌നാട്ടിൽ നിന്ന് ദിവസേന അൻപതിലധികം അന്തർസംസ്ഥാന ബസുകളാണ് അതിർത്തി കടന്ന് കുമിളിയിലെത്തുന്നത്. ഈ വാഹനങ്ങൾ കൃത്യമായി പരിശോധിക്കാൻ നിലവിൽ യാതൊരു സംവിധാനവുമില്ല. ഭൂരിഭാഗം ബസുകളും യാതൊരു പരിശോധനയുമില്ലാതെയാണ് കുമിളി ബസ് സ്റ്റാൻഡിൽ എത്തി യാത്രക്കാരെയും ചരക്കുകളെയും ഇറക്കുന്നത്. ജില്ലാ അതിർത്തികളിൽ ഡോഗ് സ്ക്വാഡിന്റെ സാന്നിധ്യം ഉറപ്പാക്കുകയും, വാഹന പരിശോധനയും പെട്രോളിംഗും ശക്തമാക്കുകയും ചെയ്താൽ മാത്രമേ 'ഓപ്പറേഷൻ തൂഫാൻ' ലക്ഷ്യം കാണുകയുള്ളൂവെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.




ലഹരി വിതരണം സജീവം


കർണാടക തമിഴ്നാട് തുടങ്ങി  മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വലിയ തോതിൽ ലഹരിമരുന്നുകൾ കുമിളിയിൽ എത്തുന്നതായാണ് വിവരം. കുമിളി ടൗണിന് സമീപമുള്ള തേക്കടി കവല, ഒന്നാം മൈൽ, ആട്ടപ്പള്ളം, അമരാവതി സ്‌കൂൾ പരിസരം, ഒട്ടകത്തലമേട്, ലബ്ബക്കണ്ടം, റോസാപ്പൂക്കണ്ടം തുടങ്ങിയ സ്ഥലങ്ങളിൽ ഇരുചക്ര വാഹനങ്ങളിലെത്തി ലഹരിമരുന്ന് വിതരണം ചെയ്യുന്ന സംഘങ്ങൾ സജീവമാണെന്ന് പ്രദേശവാസികൾ പറയുന്നു.