Header Banner
വിദ്യുച്ഛക്തി എന്ന് എഴുതാനും വായിക്കാനും മാത്രമല്ല എല്ലാ വീടുകളിലും എത്തിക്കാനും അറിയാം MM മണിയുടെ പഴയ പോസ്റ്റ് ചർച്ചയാകുന്നു!

വിദ്യുച്ഛക്തി എന്ന് എഴുതാനും വായിക്കാനും മാത്രമല്ല എല്ലാ വീടുകളിലും എത്തിക്കാനും അറിയാം MM മണിയുടെ പഴയ പോസ്റ്റ് ചർച്ചയാകുന്നു!

 


വൈദ്യുതി മന്ത്രിയായിരുന്ന കാലത്തെ മുൻ മന്ത്രി എം എം മണിയുടെ പഴയ ഫേസ്ബുക്ക് കുറിപ്പ് വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. 2017 മെയ് എട്ടിന് മണി പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.

വൈദ്യുതി മന്ത്രിയായിരിക്കെ നേരിട്ട വിമർശനങ്ങൾക്ക് മറുപടിയായാണ് എം എം മണി അന്ന് കുറിപ്പ് പങ്കുവെച്ചത്. “വിദ്യുച്ഛക്തി എന്ന് എഴുതാനും വായിക്കാനും മാത്രമല്ല, എല്ലാ വീടുകളിലും അത് എത്തിക്കാനും അറിയാം” എന്നായിരുന്നു മണിയുടെ പരാമർശം. തന്റെ വിദ്യാഭ്യാസ യോഗ്യത ചൂണ്ടിക്കാട്ടി പരിഹസിക്കുന്നവർ പരിഹസിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.




“പൂച്ച കറുത്തതോ വെളുത്തതോ എന്നതല്ല പ്രശ്നം. എലിയെ പിടിക്കുമോ എന്നതിലാണ് കാര്യം” എന്നായിരുന്നു അന്നത്തെ കുറിപ്പിലെ മറ്റൊരു ശ്രദ്ധേയമായ വാചകം.

അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ പരാമർശങ്ങളാണ് മണിയുടെ പോസ്റ്റിന് പിന്നിലെ പ്രധാന പശ്ചാത്തലം. ‘വിദ്യുച്ഛക്തി’ എന്ന് ഒരു ഭാഷയിലും എഴുതാൻ അറിയാത്തയാളാണ് സംസ്ഥാനത്തിന്റെ വൈദ്യുതി മന്ത്രി എം.എം. മണി എന്നായിരുന്നു ചെന്നിത്തലയുടെ പരിഹാസം.

എം.എം. മണിയുടെ പ്രസ്താവനകൾ കേരളത്തിന് അപമാനമാണെന്നും അദ്ദേഹത്തെ പോലൊരു മന്ത്രിയെക്കൊണ്ട് നാടിന് യാതൊരു പ്രയോജനവുമില്ലെന്നും ഹരിപ്പാട്ട് നടത്തിയ പ്രതികരണത്തിൽ ചെന്നിത്തല ആരോപിച്ചിരുന്നു.


ഇതിന് പിന്നാലെയാണ് തന്റെ വിദ്യാഭ്യാസ പശ്ചാത്തലത്തേക്കാൾ ഭരണപരമായ കഴിവിനാണ് പ്രാധാന്യമെന്ന് ചൂണ്ടിക്കാട്ടി മണി രംഗത്തെത്തിയത്. ഭാഷാപാണ്ഡിത്യവും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും ഇല്ലെങ്കിലും കാര്യങ്ങൾ നടപ്പാക്കാനുള്ള ആർജ്ജവവും ബുദ്ധിയും ഇച്ഛാശക്തിയും തനിക്കുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

കടുത്ത വേനലിൽ അണക്കെട്ടുകളിലെ ജലനിരപ്പ് താഴ്ന്ന സാഹചര്യത്തിലും പവർകട്ടും ലോഡ് ഷെഡിങ്ങും ഒഴിവാക്കി മുന്നോട്ട് പോകാൻ സാധിച്ചുവെന്നും കാർഷിക ആവശ്യങ്ങൾക്കുള്ള വൈദ്യുതി സൗജന്യ നിരക്കിൽ നൽകാൻ കഴിഞ്ഞുവെന്നും മണി അവകാശപ്പെട്ടിരുന്നു.



കേരളത്തെ രാജ്യത്തെ ആദ്യ സമ്പൂർണ വൈദ്യുതീകരണ സംസ്ഥാനമാക്കി മാറ്റാൻ സാധിച്ചതും ഇടതുപക്ഷ സർക്കാരിന്റെ പ്രധാന നേട്ടങ്ങളിലൊന്നാണെന്നും അദ്ദേഹം അന്ന് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

വൈദ്യുതി വകുപ്പ് മന്ത്രിയായി പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്നും കുറിപ്പിന്റെ അവസാന ഭാഗത്ത് എം.എം. മണി രേഖപ്പെടുത്തിയിരുന്നു. വർഷങ്ങൾക്കിപ്പുറം പഴയ രാഷ്ട്രീയ പോരിന്റെ ഭാഗമായ ഈ കുറിപ്പ് വീണ്ടും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് മണിയുടെ അന്നത്തെ പരാമർശങ്ങൾ വീണ്ടും ചർച്ചയായിരിക്കുന്നത്.




2017 മെയ് 8ന് എം എം മണി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം

"വിദ്യുച്ഛക്തി "എന്ന് എഴുതാനും വായിക്കാനും മാത്രമല്ല എല്ലാ വീടുകളിലും അത് എത്തിക്കാനും അറിയാം. മറ്റു പലരെയും പോലെ ഭാഷാപാണ്ഡിത്യവും വിദ്യാസമ്പന്നതയും ഇല്ലെങ്കിലും നല്ല നിലയിൽ കാര്യങ്ങൾ ചെയ്യാനുള്ള ആർജ്ജവവും ബുദ്ധിയും ഇച്ഛാശക്തിയും ഉണ്ട്. കടുത്ത വേനലിൽ ഡാമുകൾ വറ്റിവരണ്ടപ്പോൾ പവർകട്ടും ലോഡ്ഷെഡിങും ഇല്ലാതെ മുന്നോട്ടു പോകാൻ സാധിക്കുന്നതും, എല്ലാ കാർഷിക വിളകൾക്കും സൗജന്യ നിരക്കിൽ വൈദ്യുതി നൽകാൻ സാധിക്കുന്നതും, രാജ്യത്തെ ആദ്യ സമ്പൂർണ്ണ വൈദ്യുതീകരണ സംസ്ഥാനമായി കേരളത്തെ ഉയർത്താൻ സാധിച്ചതും ഇടതുപക്ഷ സർക്കാരിന്റെ വലിയ നേട്ടമാണ്. ഈ കാലയളവിൽ വൈദ്യുതി വകുപ്പുമന്ത്രിയായി പ്രവർത്തിക്കുവാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ട്. വിദ്യാഭ്യാസ യോഗ്യത പറഞ്ഞ് പുച്ഛിക്കുന്നവർ പുച്ഛിച്ചോട്ടെ. പൂച്ച കറുത്തതോ വെളുത്തതോ എന്നതല്ല പ്രശ്നം. എലിയെ പിടിക്കുമോ എന്നതിലാണ് കാര്യം.