കുമളി: കുമളി കുടുംബാരോഗ്യ കേന്ദ്രവുമായി (FHC) ബന്ധപ്പെടുത്തി ഇടതുമുന്നണി ഉന്നയിക്കുന്ന ആരോപണങ്ങളും നടത്തുന്ന സമരങ്ങളും തികച്ചും അടിസ്ഥാനരഹിതമാണെന്ന് കുമളി പഞ്ചായത്ത് പ്രസിഡന്റ് എ.എ. വർഗീസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.ആവശ്യമായ രേഖകളില്ലാതെ രണ്ട് വർഷത്തോളം ആംബുലൻസ് സർവീസ് നടത്തിയവരാണ് ഇപ്പോൾ ഫിറ്റ്നസ് എടുക്കാൻ താമസിച്ചു എന്ന് ആരോപിച്ച് യു.ഡി.എഫ് ഭരണസമിതിക്കെതിരെ സമരവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. കുമളി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ആംബുലൻസിന്റെ എൻജിൻ മോഷ്ടിച്ച് വിറ്റു എന്ന് ആരോപിച്ച് 2018 ജൂലൈ മാസത്തിൽ അന്നത്തെ യു.ഡി.എഫ് ഭരണസമിതിക്കെതിരെ നടത്തിയ സമരങ്ങളും പഞ്ചായത്ത് ഓഫീസ് ഉപരോധവും ജനങ്ങൾ മറന്നിട്ടില്ലെന്ന് പ്രസിഡന്റ് ഓർമ്മിപ്പിച്ചു.

സമരത്തിന്റെ ഭാഗമായി മാറ്റിയിട്ടിരുന്ന വാഹനം ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് നിരത്തിലിറക്കിയത്. അടിസ്ഥാനരഹിതമായ ആരോപണത്തിന്റെ പേരിൽ രണ്ട് വർഷക്കാലം കുമളിയിലെ ജനങ്ങൾക്ക് ആംബുലൻസ് സൗകര്യം നിഷേധിച്ച അതേ നേതാക്കളാണ് ഇപ്പോൾ വീണ്ടും സമരവുമായി എത്തിയിരിക്കുന്നത്.പഞ്ചായത്ത് സെക്രട്ടറിയുടെ ഉടമസ്ഥതയിലുള്ള ആംബുലൻസ് 2022 ഒക്ടോബർ മുതൽ 2024 ഓഗസ്റ്റ് വരെ ഫിറ്റ്നസ് ഇല്ലാതെ നിയമവിരുദ്ധമായാണ് ഓടിച്ചിരുന്നത്. ഇടതുമുന്നണിയുടെ ഭരണകാലത്ത് ഇത്തരത്തിൽ വാഹനം ഓടിച്ചിരുന്നതായി സമ്മതിച്ച് മെഡിക്കൽ ഓഫീസറും ഡ്രൈവറും പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ കത്ത് പഞ്ചായത്തിന്റെ പക്കലുണ്ട്.കഴിഞ്ഞദിവസം നായയുടെ കടിയേറ്റവർക്ക് കുമളി കുടുംബാരോഗ്യ കേന്ദ്രത്തിൽ ആവശ്യമായ ചികിത്സ ലഭ്യമായില്ല എന്നതും മറ്റൊരു വ്യാജ ആരോപണം മാത്രമാണ്. നായയുടെ കടിയേറ്റു വരുന്ന ആളുകളുടെ മുറിവിന്റെ ആഴം പരിശോധിച്ച്, പ്രാഥമിക ചികിത്സ നൽകിയ ശേഷം പേവിഷബാധയ്ക്കെതിരെയുള്ള കുത്തിവയ്പ്പ് സൗകര്യമുള്ള ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ് ഇവിടുത്തെ പതിവ് രീതി

കഴിഞ്ഞ ദിവസവും അതുതന്നെയാണ് സംഭവിച്ചത്. ഏത് മുന്നണി ഭരിച്ചാലും ആശുപത്രികൾ സംബന്ധിച്ചുള്ള നിയമങ്ങളിൽ മാറ്റം വരുത്താൻ പഞ്ചായത്തിന് അധികാരമില്ല. ഇക്കാര്യം വ്യക്തമായി അറിയാവുന്നവർ വസ്തുതകൾ മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സമരം നടത്തുന്നതെന്ന് വർഗീസ് പറഞ്ഞു. വാർത്താസമ്മേളനത്തിൽ മെമ്പർമാരായ ബിജു ദാനിയേൽ, സന്തോഷ് ഉമ്മൻ എന്നിവരും പഞ്ചായത്ത് പ്രസിഡന്റിനൊപ്പം പങ്കെടുത്തു.