ഓട്ടോ-ടാക്സി തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ ഈ വരുന്ന 24 വെള്ളിയാഴ്ച (നാളെ) പീരുമേട് ആർ.ടി.ഒ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കുന്നു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ആർ. തിലകൻ മാർച്ച് ഉദ്ഘാടനം ചെയ്യും.
പീരുമേട് മോട്ടോർ വാഹന ഓഫീസിലെ ഉദ്യോഗസ്ഥർ ഓട്ടോ-ടാക്സി തൊഴിലാളികളെ അകാരണമായി ദ്രോഹിക്കുകയാണെന്നും, വാഗമൺ-ഏലപ്പാറ വിനോദസഞ്ചാര മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന നൂറുകണക്കിന് ടാക്സി തൊഴിലാളികളിൽ നിന്ന് നിസ്സാര കാരണങ്ങൾ പറഞ്ഞ് കടുത്ത പിഴ ഈടാക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു. വാഗമണ്ണിൽ ചേർന്ന സംഘാടക സമിതി യോഗത്തിൽ മോട്ടോർ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റി അംഗം ആർ. രവികുമാർ, സി.ഐ.ടി.യു ഏലപ്പാറ ഏരിയ സെക്രട്ടറി എസ്. അനിൽകുമാർ എന്നിവർ സംസാരിച്ചു.


